വത്തിക്കാൻ സിറ്റി: ആരാധനാക്രമ സംഗീതം കൂട്ടായ്മ വളർത്തിയെടുക്കണമെന്നും മുഴുവൻ സഭയെയും മുന്നോട്ടുള്ള യാത്രയിൽ സഹായിക്കണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. സഭയുടെ ഐക്യത്തിന്റെ അടയാളമാകാൻ വിളിക്കപ്പെട്ടിട്ടുള്ളവരാണു ഗായകസംഘങ്ങളെന്നും മാർപാപ്പ പറഞ്ഞു.
ലോകമെമ്പാടുമുള്ള കത്തോലിക്കാ ഗായകസംഘങ്ങളുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ജനത്തെ വിശ്വാസത്തിൽ ഒന്നിച്ചുനടത്താൻ ഗായകസംഘങ്ങൾക്കാകണം.
സംഗീതം സ്നേഹത്തിന്റെ പ്രകടനമാണ്. വിശുദ്ധമായ സംഗീതം ദിവ്യസ്നേഹത്തിന്റെ നിഗൂഢതയിൽ വേരൂന്നിയതാണ്. തങ്ങളുടെ ശുശ്രൂഷയിലൂടെ സഭയ്ക്കുള്ളിൽ സ്നേഹം, ഐക്യം, സിനഡാത്മകത എന്നിവ പ്രോത്സാഹിപ്പിക്കാൻ ഗായകസംഘങ്ങളെയും സംഗീതജ്ഞരെയും മാർപാപ്പ ക്ഷണിച്ചു. ഉച്ചകഴിഞ്ഞ് സുവിശേഷവത്കരണത്തിനായുള്ള കാര്യാലയം സംഘടിപ്പിച്ച സംഗീതപരിപാടിയിലും ഗായകസംഘങ്ങൾ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള 117 രാജ്യങ്ങളിൽനിന്നുള്ള 35,000ത്തിലധികം സംഗീതജ്ഞരും നൂറിലധികം പ്രൊഫഷണൽ, രൂപത, ഇടവക, അമച്വർ ഗായകസംഘാംഗങ്ങളുമാണ് ജൂബിലിയാഘോഷത്തിൽ പങ്കെടുത്തത്.
ശനിയാഴ്ചയാണ് ആഘോഷപരിപാടികൾക്കു തുടക്കമായത്. ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ജൂബിലി സദസിലും ഇവർ പങ്കെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം അഞ്ചുവരെ റോമിലെ പേപ്പൽ ബസിലിക്കകൾ സന്ദർശിച്ച് വിശുദ്ധ വാതിലുകളിലേക്ക് തീർഥാടനം നടത്തിയ തീർഥാടകസംഘങ്ങൾ റോമിലെ 90ലധികം പള്ളികളിൽ സായാഹ്ന വിശുദ്ധകുർബാനകളിൽ ഗാനമാലപിക്കുകയും ചെയ്തു.